തിരുവനന്തപുരം. തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ തുടർനടപടികൾ ആലോചിക്കുന്നതിന് സർവകക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ. അടുത്ത മാസം അഞ്ചിന് ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് യോഗം. തിടുക്കപ്പെട്ട് SIR നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യപ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ എതിർപ്പ് അവഗണിച്ച് കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് . നിയമ നടപടി ആലോചിക്കുമെന്ന് എൽഡിഎഫും യുഡിഎഫും.
എതിർപ്പ് അവഗണിച്ചും കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിൻ്റെ രണ്ടാംഘട്ട നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ തുടർനടപടികൾ ആലോചിക്കുന്നതിന് സർവകക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ…
ഇന്ന് ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എൽഡിഎഫും യുഡിഎഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി എതിർത്തു.ആവശ്യം തള്ളിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ കേരളത്തിൽ SIR വളരെ എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് മറുപടി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് SIR നടപ്പാക്കണമെന്ന തീരുമാനത്തെ ബിജെപി പിന്തുണച്ചു. സമയം നീട്ടുന്നതിന് നിയമപരമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കുമെന്ന് സിപിഐഎമ്മും കോൺഗ്രസും വ്യക്തമാക്കി. കേരളത്തിൽ SIR നടപ്പിലാക്കാനുള്ള തീരുമാനം ശക്തമായി എതിർക്കുമെന്ന് പ്രിയങ്കാ ഗാന്ധി എം പിയും പറഞ്ഞു.






































