പി എം ശ്രീ: ഇരുട്ടിൽ നിർത്തിയല്ല തീരുമാനമെടുക്കേണ്ടത്; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിനോയ് വിശ്വം , അന്തിമ നിലപാട് 27 ന്

Advertisement

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പിഎം ശ്രീയെക്കുറിച്ച് സിപിഐ ഇരുട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


‘പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്. സിപിഐക്ക് മാത്രമല്ല, എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കും അത് അറിയാനുള്ള അവകാശമുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അങ്ങേയറ്റത്തെ ദേശീയ പ്രാധാന്യമുള്ള ഒരു ഉടമ്പടിയില്‍ പങ്കാളികളാകുമ്പോള്‍ അതില്‍ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. അത് അറിയാനും അറിയിക്കാനുമുള്ള വേദിയാണ് എല്‍ഡിഎഫും അതിന്റെ സമിതികളുമെന്നും അവിടെയൊന്നും ഇതേപ്പറ്റി ചര്‍ച്ചയുണ്ടായില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഘടക പാര്‍ട്ടികളെയെല്ലാം അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല, എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.



അഞ്ച് കൊല്ലമോ പത്ത് കൊല്ലമോ ഭരിക്കാനുള്ള ഭരണത്തിന്റെ മാത്രമുള്ള ഉപാധിയായല്ല എല്‍ഡിഎഫിനെ സിപിഐ കാണുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിയതമായ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കടപ്പെട്ട രാഷ്ട്രീയ പക്ഷമാണ്. ആ ദൗത്യത്തിന്റെ കാതലാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍. ആ ബദലിന് ആവശ്യമായ പരിപാടി എല്‍ഡിഎഫിനെ വ്യത്യസ്തമാക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ മഹത്വം. ആ മഹത്വത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ആരെക്കാളും അറിയാവുന്ന പാര്‍ട്ടിയാണ് സിപിഐ. വിദ്യാഭ്യാസം പോലുള്ള ഒന്നില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാഗമാകുമ്പോള്‍, എംഒയു ഒപ്പിടുമ്പോള്‍ അതിനെപ്പറ്റിയുള്ള നയപരമായ കാര്യങ്ങള്‍ ഘടകപാര്‍ട്ടികളെ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല’, ബിനോയ് വിശ്വം പറഞ്ഞു
27 ന് ആലപ്പുഴയിൽ പാർട്ടിയുടെ സെക്രട്ടറിയറ്റ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisement