കട്ടിപ്പാറ സംഘർഷം: 321 പേർക്കെതിരെ കേസ്; ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി, പരിക്കേറ്റവരിൽ 16 പോലീസുകാരും 26 സമരക്കാരും, അറസ്റ്റ് നടപടികൾ ഇന്ന് തുടങ്ങും

Advertisement

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ 321 പേർക്കെതിരെ കേസ്സെടുത്തു. ഡി വൈ എഫ് ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മെഹറൂബ് ആണ് ഒന്നാം പ്രതി. രണ്ടും മൂന്നും പ്രതികളും ജനപ്രതിനിധികളാണ്. 21 പ്രതികളുടെ പേരുകൾ പുറത്ത് വന്നിട്ടുണ്ട്. 300 പേർ കണ്ടാലറിയാവുന്നവരാണ്.മാരകായുധം കൈവശം വെയ്ക്കൽ, അന്യായമായ സംഘം ചേരൽ, മാർഗ്ഗതടസം സൃഷ്ടിക്കൽ, അനാവശ്യമായി മുദ്രാവാക്യം വിളി, പോലീസിനെ അക്രമിക്കൽ തുടങ്ങി നിരവധി വകുപ്പ്കൾ ചേർത്താണ് പോലീസ് കേസ്സെടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഇന്ന് തുടങ്ങും.

സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് സമരക്കാർ തീയിട്ടിരുന്നു. സംഘര്‍ഷത്തിൽ 16 പൊലീസുകാര്‍ക്കും 26 സമരക്കാർക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി,താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്.

സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. തീ അണയ്ക്കാൻ പുറപ്പെട്ട ഫയര്‍ഫോഴ്സിന്‍റെ വാഹനം സമരക്കാര്‍ തടഞ്ഞതിനാൽ ഫയര്‍ഫോഴ്സ് ഫാക്ടറിയിൽ എത്താൻ വൈകി.താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ 5 വർഷത്തിലേറെയായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.എന്നാൽ എല്ലാ വിധ അംഗീകാരവും ഉള്ള ഫാക്റിയാണിതെന്ന് മനേജ്മെൻ്റ് പറയുന്നു.

Advertisement