കോഴിക്കോട്.സ്വകാര്യ ബസുകളുടെ മൽസര ഓട്ടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചു വീണ് ബസിൻ്റെ ടയർ കയറി മരിച്ചത്. താമരശ്ശേരിയിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസിനെ കണ്ട് KSTRC ബസ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതിനെതുടർന്ന് തെറിച്ചു വീണ കെ എസ് ആർ ടി സി യാത്രക്കാരിക്ക് പരുക്കു പറ്റി
പേരാമ്പ്ര കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മൽസരയോട്ടത്തെ തുടർന്നായിരുന്നു മനുഷ്യാവകാശ കമ്മീഷനും സർക്കാരും ഈ വിഷയത്തിൽ ഇടപെട്ടത്. പക്ഷെ അതിലൊന്നും യാതൊരു കുലുക്കവും ഇല്ലാതെയാണ് സ്വകാര്യ ബസുകളുടെ മൽസരയോട്ടം. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തസ്ലീമ എന്ന വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായ സംഭവം.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാമനാട്ടുകര പെട്രോൾ പമ്പിന് സമീപം വെച്ചാണ് അപകടം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു തസ്ലീമ .കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ടിപിഎസ് ബസാണ് മൽസര ഓട്ടത്തിനിടെ സ്കൂട്ടറിൽ ഇടിച്ചത്.റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ഈ ബസിന്റെ പിൻവശത്തെ ടയർ കയറിയിറങ്ങി.അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.താമരശ്ശേരിയിൽ അമിത വേഗതയിൽ മറികടക്കാൻ ശ്രമിച്ച സ്വകാര്യബസ്സുകണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ ബ്രൈക്ക് പിടിച്ചു.കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരി തെറിച്ചുവീണു.കോഴിക്കോട് നിന്നും പിന്തുടരുന്ന ഗരുഡ എന്ന സ്വകാര്യ ബസ് പലസ്ഥലങ്ങളിൽ നിന്നും മറികടക്കാൻ നോക്കി അപകടസാഹചര്യം സൃഷ്ടിച്ചതായി കെഎസ്ആർടിസിയിലെ യാത്രക്കാർ പറയുന്നു.
കൊടുവള്ളിയിൽ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സൗമിനിക്കാണ് പരിക്കേറ്റത്.ബസ്സിന്റെ ഡോർ അടഞ്ഞു കിടന്നതിനാൽ പുറത്തേക്ക് വീഴാതെ ഇവർ രക്ഷപ്പെട്ടു.തലയ്ക്കും കാലിനും പരിക്കേറ്റ സൗമിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി




































