തുലാവർഷം കനക്കുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത.ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത എന്ന് പ്രവചനം.മലയോര മേഖലകളിൽ കനത്ത മഴ തുടരാൻ സാധ്യത.ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അറബികടൽ ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിക്കും. ബംഗാൾ ഉൾകടൽ ചക്രവാത ചുഴി നാളെയോടെ ന്യുന മർദ്ദമായേക്കും. കേരള തീരത്തിനു സമീപം അറബികടലിൽ ഉയർന്ന ലെവലിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
































