കൊച്ചി: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. സ്വര്‍ണപ്പാളികള്‍ കേരളത്തിനു വെളിയില്‍ ആര്‍ക്കോ നല്‍കിയെന്നാണ് സൂചന. സന്നിധാനത്തില്‍നിന്ന് അഴിച്ചെടുത്തതെന്ന മട്ടില്‍ 39 ദിവസം കഴിഞ്ഞാണ് സ്വര്‍ണംപൂശാനായി പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂര്‍ണമായും ചെമ്പായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ എംഡിയും അഭിഭാഷകനും പറഞ്ഞത് പാളി മാറ്റിയെന്നതിനെ സാധൂകരിക്കുന്നു. 39 ദിവസത്തിനിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകര്‍പ്പില്‍ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വര്‍ണംപൂശിയെന്നാണ് നിഗമനം. ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇതിനിടെ സ്വർണ്ണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.





































