തിരുവനന്തപുരം.സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരായി പി.പി.സുനീറിനെയും സത്യൻ മൊകേരിയേയും
തിരഞ്ഞെടുത്തു.സംസ്ഥാനത്തെ നേതൃഘടനയിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് പുന:സ്ഥാപിക്കാനും
തീരുമാനിച്ചു.രൂക്ഷമായ വിമർശനങ്ങൾക്ക് ശേഷമാണ് സെക്രട്ടേറിയേറ്റ് പുന:സ്ഥാപിക്കാനുളള തീരുമാനം
സംസ്ഥാന കൌൺസിൽ അംഗീകരിച്ചത്.25 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു
നിലവിൽ അസിസ്റ്റൻറ് സെക്രട്ടറിയായ പി.പി. സുനീർ തുടരുമെന്ന് ഉറപ്പായിരുന്നെങ്കിലും
രണ്ടാമത്തെ അസിസ്റ്റൻറ് സെക്രട്ടറി ആരാകും എന്നതായിരുന്നു സിപിഐ സംസ്ഥാന കൌൺസിലിനെ
ചുറ്റിപ്പറ്റി ഉയർന്ന ആകാംക്ഷ.ദേശിയ നേതാക്കൾ അടക്കം മുന്നോട്ടുവെച്ച മുല്ലക്കരയുടെ പേരിനോട്
ആദ്യം യോജിച്ച സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്നീട് അതിൽ നിന്ന് പിന്നോട്ടുപോയി
അങ്ങനെയാണ് ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങി നേരത്തെ അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന
സത്യൻ മൊകേരിയെ വീണ്ടും അതേ പദവിയിൽ നിയോഗിച്ചത്.പഴയ മാതൃക പിന്തുടർന്ന് സംസ്ഥാന
നേതൃത്വത്തിൽ ത്രിതല സംഘടനാ സംവിധാനം കൊണ്ടുവന്നു.കാനം സെക്രട്ടറിയായതിന് പിന്നാലെ
ഒഴിവാക്കിയ സംസ്ഥാന സെക്രട്ടേറിയേറ്റാണ പുനസ്ഥാപിച്ചത്.എന്നാൽ സംസ്ഥാന കൌൺസിൽ
എക്സിക്യൂട്ടീവ് എന്നിവയുടെ അധികാരം കവരാനാണ്
സെക്രട്ടേറിയേറ്റ് മടക്കി കൊണ്ടുവരുന്നതെന്നാണ് നേതാക്കളുടെ വിമർശനം.സംസ്ഥാന കൌൺസിലിൽ
പത്തോളം നേതാക്കൾ തീരുമാനത്തെ വിമർശിച്ചു ഇന്ന് തിരഞ്ഞെടുത്ത 11 അംഗ സെക്രട്ടേറിയേറ്റിൽ
പഴയ കാനം പക്ഷത്തിൻെറ സമഗ്രാധിപത്യമാണ്. 25 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും
തിരഞ്ഞെടുത്തു.ഇടവേളക്ക് ശേഷം വി.എസ്.സുനിൽ കുമാറും സി.എൻ.ചന്ദ്രനും സംസ്ഥാന എക്സിക്യട്ടീവിൽ
തിരിച്ചെത്തി.സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറിമാരായ ടി.ജെ.ആഞ്ചലോസ്, കെ.പി.സുരേഷ് രാജ്, കെ.കെ.
വത്സരാജ് എന്നിവരും ആർ.ലതാദേവിയും ടിടി ജിസ്മോനും എക്സിക്യൂട്ടിവിൽ അംഗങ്ങളായി.
ബിനോയ് വിശ്വത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കമലാ സദാനന്ദനെയും കെ.എം.
ദിനകരനെയും എക്സിക്യൂട്ടീവിൽ നിലനിർത്തി.പാർട്ടി സെക്രട്ടറിയെ ആക്ഷേപിക്കുന്ന ഫോൺ സംഭാഷണം പുറത്തുവിടുന്നതാണോ എക്സിക്യൂട്ടിവിൽ വരാനുള്ള വഴിയെന്ന് കൌൺസിലംഗം വി.പി ഉണ്ണിക്കൃഷ്ണൻ പരിഹസിച്ചു




































