റിയാദ്. സൌദിയിൽ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി ഒഴിവാക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. നിരവധി വ്യവസായ സ്ഥാപനങ്ങൾക്കും പ്രവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
സൌദിയിൽ ലൈസൻസ് ഉള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ലെവി പൂർണമായും ഒഴിവാക്കാനാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം എടുത്തത്. 2019 മുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് ലെവിയിലെ ഇളവ് താൽക്കാലികമായി ലഭിക്കുന്നുണ്ട്. ആ ഇളവ് ഈ മാസാവസാനത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ലെവി പൂർണമായും ഒഴിവാക്കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. ലൈസൻസുള്ള ഫാക്ടറികൾ ഉൾപ്പെടെയുഉള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഇനി മുതൽ ലെവി നൽകേണ്ടതില്ല. നിർമ്മാണ മേഖലയ്ക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കും. ഉൽപ്പാദന ചിലവ് കുറയുന്നതോടൊപ്പം സൗദിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കും. കൂടുതൽ വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കാനും ഇത് വഴിയൊരുക്കും. ലെവിയിൽ താൽക്കാലിക ഇളവ് നല്കിയതിലൂടെ വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. വ്യവസായ മേഖലയിലെ നിക്ഷേപം 35% ഉയർന്ന് 1.2 ട്രില്യൺ റിയാലിലെത്തി. ഈ മേഖലയിലെ മൊത്തം തൊഴിലുകളുടെ എണ്ണം 70% ത്തോളം ഉയർന്ന് 8,47,000-ത്തോളമായി. വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 12,000 ത്തോളമായി വർദ്ധിച്ചു. ഒരു വിദേശ തൊഴിലാളിക്ക് പ്രതിമാസം 800 റിയാൽ വരെയാണ് മറ്റു മേഖലകളിൽ ലെവി ഈടാക്കുന്നത്.

































