ഇന്ത്യയും സൌദിയും അടുത്ത വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു

Advertisement

ഇന്ത്യയും സൌദിയും അടുത്ത വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും സൌദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉമാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഒന്നേമുക്കാൽ ലക്ഷമായി തുടരും.
ജിദ്ദയിൽ വെച്ചാണ് 2026-ലെ ഹജ്ജ് കരാർ ഇന്ത്യയും സൌദിയും ഒപ്പുവെച്ചത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജുജുവും സൌദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉം കരാർ ഒപ്പുവെച്ചു.

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച ചെയ്തു. സൌദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരാർ പ്രകാരം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,025 ആയി തുടരും. ഇതില് 70% അഥവാ 1,22,518 തീർഥാടകർ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും ഹജ്ജിനെത്തുക. 30% തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജ് നിർവഹിക്കും. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്കുള്ള ഒരുക്കങ്ങൾ സൌദിയിൽ പുരോഗമിക്കുകയാണ്. 20 ദിവസത്തെ ഹജ്ജ് പാക്കേജ് കൂടി അടുത്ത വർഷം മുതൽ ഹജ്ജ് കമ്മിറ്റി പരിചയപ്പെടുത്തുന്നുണ്ട്. 2026 മെയ് അവസാനത്തിലാണ് അടുത്ത ഹജ്ജ്. ഇന്ത്യയിൽ നിന്നും ഹജ്ജ് വിമാന സർവീസ് ഏപ്രിൽ 18-ഓടെ ആരംഭിക്കും. മെയ് 5 മുതലാണ് കേരളത്തിൽ നിന്നുള്ള വിമാന സർവീസ്. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും 18-ഓളം പുറപ്പെടൽ കേന്ദ്രങ്ങളാണ് ഉള്ളത്.

Advertisement