Home News Breaking News സൗദി അറേബ്യയിൽ ഒക്ടേൻ 98 പെട്രോൾ വില വർധിപ്പിച്ച് അരാംകോ; മറ്റ് ഇന്ധന നിരക്കുകളിൽ മാറ്റമില്ല

സൗദി അറേബ്യയിൽ ഒക്ടേൻ 98 പെട്രോൾ വില വർധിപ്പിച്ച് അരാംകോ; മറ്റ് ഇന്ധന നിരക്കുകളിൽ മാറ്റമില്ല

Advertisement

റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം ഒക്ടേൻ 98 (ബെൻസിൻ 98) പെട്രോളിെൻറ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലിറ്ററിന് 2.94 റിയാലായിരുന്ന ഒക്ടേൻ 98 പെട്രോളിന് ഇനി മുതൽ 3.83 റിയാൽ നൽകണം.

ഒക്ടേൻ 98ന്‍റെ വിലയിൽ വർധനവുണ്ടായെങ്കിലും രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. ബെൻസിൻ 91 ലിറ്ററിന് 2.18 റിയാൽ, ബെൻസിൻ 95 ലിറ്ററിന് 2.33 റിയാൽ എന്നീ നിരക്കുകളിൽ തന്നെ തുടരും. കൂടാതെ ഡീസലിന് ലിറ്ററിന് 1.79 റിയാലും മണ്ണെണ്ണയ്ക്ക് 1.59 റിയാലുമാണ് നിലവിലെ വില. രാജ്യത്തെ വിവിധ തരം വാഹനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബെൻസിൻ 91, 95, 98 എന്നിവ വിപണിയിൽ സുലഭമാണെന്ന് അരാംകോ അറിയിച്ചു. ട്രക്കുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കുമായി ഉയർന്ന ഗുണനിലവാരമുള്ള ഡീസൽ വിതരണവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധന ഓപ്ഷനുകൾ നൽകുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ജനുവരിയിലാണ് അരാംകോ ഒക്ടേൻ 98 വിപണിയിൽ അവതരിപ്പിച്ചത്. നിലവിലുള്ള ഇന്ധന ഉൽപ്പന്നങ്ങളെ ബാധിക്കാത്ത വിധം വിപണിയിൽ വൈവിധ്യം കൊണ്ടുവരിക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. നിലവിൽ ഹൈ-പെർഫോമൻസ് വാഹനങ്ങൾ കൂടുതലായുള്ള റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമാണ് ഈ ഇന്ധനം ലഭ്യമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വിപണിയിലെ ആവശ്യകത പരിഗണിച്ച് ഒക്ടേൻ 98 വിതരണം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ആലോചനയിലാണെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here