കാരക്കാസ്: വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റ് ആയി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റെടുത്തു. ഡെൽസിക്ക് കുടുംബത്തിന്റെ പൂർണ പിന്തുണയെന്ന് മഡുറോയുടെ മകൻ അറിയിച്ചു. സാമ്രാജ്യത്വ, വലതുപക്ഷ ആക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവായ ഡെല്‍സി റോഡ്രിഗസ് ‘ടൈഗര്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ വെടിവയ്പ്പ് എന്ന് റിപ്പോർട്ട്. സ്ഥിതി നിയന്ത്രണവിധേയമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം, സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. നിക്കോളാസ് മഡുറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡുറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു.
മഡുറോയും ഭാര്യയും ന്യൂയോർക്കിലെ കോടതിയിൽ ആദ്യമായാണ് ഹാജരാവുന്നത്. താൻ നിരപരാധിയാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല, മാന്യനായ വ്യക്തിയാണ്, താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണ് എന്നാണ് 63കാരനായ നിക്കോളാസ് മഡുറോ കോടതിയിൽ പരിഭാഷകൻ മുഖേന വ്യക്തമാക്കിയത്. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാർച്ച് 17നാണ് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കുക. മഡൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളോടെ നിരവധിപ്പേരാണ് കോടതി പരിസരത്തേക്ക് എത്തിയത്.






































