വാഷിങ്ടൻ: വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രക്ഷോഭകർക്ക് നേരെ ആക്രമിക്കുകയോ വെടിവെയ്പ്പ് നടത്തുകയോ ചെയ്താൽ ഇടപെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. ഇറാനിൽ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോഴാണ് ഇറാൻ ഭരണകൂടത്തിന് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ വെടിവെച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്ക എത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇറാനിൽ 7 പേർ കൊല്ലപ്പെട്ടന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
ഇറാനിൽ പ്രക്ഷോഭകരായ ഏഴു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും 13 പേർക്ക് പരുക്കേറ്റെന്നുമാണ് ഇറാൻ അധികൃതർ സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ലോറെസ്ഥാൻ പ്രവിശ്യയിലെ അസ്ന നഗരത്തിലുണ്ടായ പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തവെന്നാണ് ഇറാന്‍ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇറാനിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് കറൻസി മൂല്യം ഇടിയുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഇതോടെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് തുടക്കമിട്ടത്. ഡിസംബർ 28നാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നുപിടിക്കുകയായിരുന്നു. നിലവിൽ 40 ശതമാനത്തിന് മേലെയാണ് ഇറാനിലെ പണപ്പെരുപ്പം. ആണവ പദ്ധതിക്കെതിരായ അമേരിക്കൻ ഉപരോധവും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും പ്രാദേശിക സംഘർഷങ്ങളുമെല്ലാം ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.






































