ശവപ്പെട്ടിയുടെ വശങ്ങളിൽ മുട്ടും തട്ടും, തുറന്നപ്പോൾ കണ്ണ് തുറന്ന് തലയും കയ്യും അനക്കി 65കാരിയുടെ മൃതദേഹം

Advertisement

ബാങ്കോക്ക്: സംസ്കാരത്തിനായി ക്ഷേത്ര പരിസരത്ത് എത്തിച്ച മൃതദേഹത്തിൽ അസാധാരണ ചലനം. തായ്ലാൻഡിലാണ് സംസ്കരിക്കാനുള്ള സജ്ജീകരണവുമായി എത്തിച്ച സ്ത്രീ ചലിച്ചത്. ബാങ്കോക്കിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രത്തിലാണ് സംഭവം നടന്നത്.

വാറ്റ് റാറ്റ് പ്രഖോംഗ് താം എന്ന ബുദ്ധ ക്ഷേത്രം തന്നെയാണ് ശവ മഞ്ചത്തിൽ കിടക്കുന്ന സ്ത്രീ അനങ്ങുന്നതിന്റെ വീഡിയോ പുറത്ത് വിട്ടതും. നോന്തബുരി പ്രവിശ്യയിൽ ആണ് ഈ ക്ഷേത്രമുള്ളത്. ശവമഞ്ചത്തിൽ കിടന്ന യുവതി തലയും കൈകളും അനക്കാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് 65കാരിയായ സ്ത്രീയെ സഹോദരൻ സംസ്കാരത്തിനായി ക്ഷേത്രത്തിലെത്തിച്ചത്. ഫിറ്റ്‌സാനുലോക് പ്രവിശ്യയിൽ നിന്നുള്ളയാളാണ് 65കാരിയെന്നാണ് ക്ഷേത്രത്തിന്റെ സാമ്പത്തിക കാര്യ മാനേജറും ക്ഷേത്രത്തിന്റെ ജനറലുമായി പെയ്റാറ്റ്സൂദ്ഹൂപ്പ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. പിക്ക് അപ്പ് ട്രെക്കിലാണ് 65കാരിയുടെ മൃതദേഹം സഹോദരൻ കൊണ്ട് വന്നത്.

കണ്ണ് തുറന്ന് ശവപ്പെട്ടിയിൽ തട്ടിയത് രക്ഷയായി, 65കാരി ആശുപത്രിയിൽ

മൂടിയ നിലയിലുള്ള ശവമഞ്ചത്തിൽ നിന്ന് ചെറിയ രീതിയിൽ കൊട്ടുന്ന ശബ്ദം കേട്ടു. ഇതോടെയാണ് ശവപ്പെട്ടി തുറന്ന് നോക്കാൻ നിർദ്ദേശിച്ചത്. തുറന്ന് നോക്കിയപ്പോഴാണ് എല്ലാവരും ഭയന്നത്. കണ്ണുകൾ തുറന്ന് പിടിച്ച് ശവപ്പെട്ടിയുടെ വശത്ത് ഇടിക്കാൻ ശ്രമിക്കുന്ന സ്ത്രീയെ ആണ് കാണാൻ സാധിച്ചതെന്നാണ് പെയ്റാറ്റ്സൂദ്ഹൂപ്പ് വിശദമാക്കുന്നത്. രണ്ട് വർഷമായി കിടപ്പുരോഗിയാണ് 65കാരിയെന്നാണ് സഹോദരൻ വിശദമാക്കുന്നത്. രണ്ട് ദിവസം മുൻപ് ഇവർ തികച്ചും അനക്കമില്ലാത്ത നിലയിലായി. ശ്വസിക്കുക പോലും ചെയ്യാതെയും പ്രതികരിക്കാതെ വരികയും ചെയ്തതോടെ 65കാരി മരിച്ചുവെന്ന് കരുതിയെന്നാണ് സഹോദരൻ വിശദമാക്കുന്നത്. മൃതദേഹം ദാനം ചെയ്യാൻ അഗ്രഹമുണ്ടെന്ന് നേരത്തെ വിശദമാക്കിയതിനാൽ സഹോദരിയെ ബാങ്കോക്കിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ആശുപത്രിയിൽ നിന്ന് 500 കിലോമീറ്റ‍ർ അകലെയാണ് ആശുപത്രി. എന്നാൽ മരണ സ‍ർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ മൃതദേഹം പഠനാവശ്യങ്ങൾക്കായി സ്വീകരിക്കില്ലെന്ന് ആശുപത്രി അധികൃതർ വിശദമാക്കി. ഇതിന് പിന്നാലെയാണ് സംസ്കരിക്കാനുള്ള ശ്രമം നടത്തിയത്.

ക്ഷേത്രത്തിൽ സൗജന്യമായി സംസ്കരിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് 65കാരിയുടെ ശവപ്പെട്ടിയുമായി സഹോദരൻ ക്ഷേത്രത്തിലെത്തിയത്. മരണ സ‍ർട്ടിഫിക്കറ്റില്ലാതെ സംസ്കാരം നടത്താനാവില്ലെന്ന് അധികൃതർ വിശദമാക്കി. പിന്നാലെ മരണ സർട്ടിഫിക്കറ്റ് എങ്ങനെയാണ് ലഭിക്കുന്നതെന്ന് 65കാരിയുടെ സഹോദരന് വിശദീകരിച്ച് നൽകുന്നതിനിടെയാണ് ശവപ്പെട്ടിക്കുള്ളിൽ നിന്ന് തട്ടും മുട്ടും കേട്ടത്. 65കാരിക്ക് ജീവൻ നഷ്ടമായില്ലെന്ന് വ്യക്തമായതിനാൽ ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ചികിത്സാ ചെലവ് ക്ഷേത്രം വഹിക്കുമെന്നും ക്ഷേത്ര അധികാരികൾ വിശദമാക്കി.

Advertisement