പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ്. ഇത്തരം ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് വിസ നിഷേധിക്കാമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലുള്ളത്.
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അമേരിക്കൻ സർക്കാരിന് ബാധ്യതയായേക്കാമെന്നും പൊതുവിഭവങ്ങൾ ചോർത്തിയേക്കാമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അമേരിക്കൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ അയച്ചുവെന്നും വാഷിങ്ടൺ ആസ്ഥാനമാക്കിയുള്ള കെഎഫ്എഫ് ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സാംക്രമിക രോഗങ്ങൾ, വാക്സിനേഷൻ ചരിത്രം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ നേരത്തേതന്നെ വിസ പൂർത്തീകരണ പ്രക്രിയയിൽ പരിശോധിക്കാറുണ്ട്. പുതിയ മാർഗനിർദേശം കൂടി വന്നതോടെ ഈ പട്ടികയിലേക്ക് പുതിയ രോഗങ്ങൾ കൂടി പരിശോധിക്കപ്പെടും.
വിസ അപേക്ഷിക്കുന്നയാളുടെ ആരോഗ്യം കൂടി കണക്കിലെടുക്കണമെന്നും ലക്ഷക്കണക്കിന് ഡോളർ ചികിത്സാചെലവ് വരുന്ന ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്ക്രീനിങ് നടത്തിയിരിക്കണമെന്നും നിർദേശത്തിലുണ്ട്. അപേക്ഷകർ ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രാപ്തിയുള്ളവരാണോ എന്ന് വിസാ ഓഫീസർമാർ പരിശോധിക്കുകയും വേണം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വന്നാൽ സർക്കാർ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
ഇതുകൂടാതെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിർദേശമുണ്ട്.
Home News International പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്
































