വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 301 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വെയും (56), ഹെന്റി നികോള്‍സും (62) നല്‍കിയ തുടക്കവും, മധ്യനിരയില്‍ ഡാരില്‍ മിച്ചലിന്റെ (84) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ന്യൂസിലന്‍ഡിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസില്‍ ജയിച്ച ഇന്ത്യ, ന്യൂസിലന്‍ഡിനെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വേയും (67 പന്തില്‍ 56റണ്‍സ്), ഹെന്റി നികോള്‍സും (69 പന്തില്‍ 62) ചേര്‍ന്ന് നല്‍കിയ ഉജല്വ തുടക്കത്തില്‍ റണ്‍മലയിലേക്ക് കുതിച്ച ന്യൂസിലന്‍ഡിനെ പവര്‍പ്ലേക്കു ശേഷമാണ് ഇന്ത്യക്ക് തൊടാന്‍ കഴിഞ്ഞത്.
20 ഓവറിന് മുകളില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ക്രീസില്‍ പിടിച്ചു നിന്നവര്‍ ടീം ടോട്ടല്‍ 100 റണ്‍സ് കടത്തി. മുഹമ്മദ് സിറാജും ഹര്‍ഷിദ് റാണയും പ്രസിദ്ദുമെല്ലാം ചേര്‍ന്ന് മാറിമാറി നടത്തിയ ആക്രമണത്തിലും ഓപണിങ് കൂട്ടുകെട്ട് പിളര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ 22ാം ഒവാറില്‍ ഹെന്റി നികോള്‍സിനെ ഹര്‍സിദ് റാണ കെ.എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കിവീസ് വിക്കറ്റ് വീഴ്ചക്ക് തുടക്കം കുറിച്ചത്. ഒന്നാം വിക്കറ്റ് വീണതിനു പിന്നാലെ, നിശ്ചിത ഇടവേളയിലായി വിക്കറ്റ് വീഴ്ച തുടര്‍ന്നു. ഡെവോണ്‍ കോണ്‍വെയെ അടുത്ത വരവില്‍ ഹര്‍ഷിദ് റാണ കുറ്റിപിഴുതുകൊണ്ട് മടക്കി. മൂന്നാമനായി വില്‍ യംങിനെ (12) മുഹമ്മദ് സിറാജും മടക്കി. നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍ മധ്യ ഓവറുകളില്‍ അടിച്ചു തകര്‍ത്തുകൊണ്ട് ക്രീസില്‍ പിടിച്ചുനിന്നു. 71 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 84 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.
അതേസമയം, ക്രീസിന്റെ മറുതലക്കല്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഗ്ലെന്‍ ഫിലിപ്‌സ് (12), മിച്ചല്‍ ഹേ (16), സാക് ഫോക്‌സ് (1) എന്നിവരുടെ വിക്കറ്റുകള്‍ വീണു. ഒടുവില്‍ 48ാം ഓവറില്‍ എട്ടാമനായാണ് ഡാരില്‍ മിച്ചല്‍ പുറത്തായത്. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍കും (24), കെയ്ല്‍ ജാമിസണും (7) ആയിരുന്നു പുറത്താകാതെ ക്രീസിലുള്ളത്.

































