സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവു അനുഭവിക്കണം. പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസിൽ മഞ്ജുവിനെ(36) ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് മണികണ്ഠനെ (42) കൊല്ലം നാലാം സെഷൻസ് കോടതി ജഡ്ജി സി.എം.സീമ തടവും പിഴയും ശിക്ഷ വിധിച്ചത്.
മഞ്ജുവിന്റെ മക്കൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.
2022 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മഞ്ജു കുരിയോട്ടുമല ഫാമിലെ താൽക്കാലിക ദിവസവേതന ജീവനക്കാരിയായിരുന്നു. സഹപ്രവർത്തകരുടെ പേരുപറഞ്ഞ് മണികണ്ഠൻ മഞ്ജുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഭവ ദിവസം രാത്രി എട്ടിന് മണികണ്ഠൻ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് രാത്രി 12ന് മഞ്ജുവിന്റെ ഫോണിൽനിന്ന് അച്ഛനും കോൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി. തിരിച്ചു വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂന്നാമത് വിളിച്ചപ്പോൾ മണികണ്ഠനാണ് ഫോണെടുത്തത്. മഞ്ജു എവിടെയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അഞ്ചുമുതൽ അമ്മ ഫോൺ വിളിച്ചെങ്കിലും ആരും എടുക്കാത്തതിനെ തുടർന്ന് മഞ്ജുവിന്റെ സഹോദരൻ മനോജിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ മനോജ് വീടിന്റെ ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടു. മണികണ്ഠൻ കൈത്തണ്ട മുറിച്ച് പിച്ചാത്തിയുമായി നിൽക്കുന്നതും കണ്ടു.
രാത്രി 12ന് മഞ്ജുവിന്റെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം മണികണ്ഠൻ പറഞ്ഞിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ടി രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26സാക്ഷികളെ വിസ്തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും പ്രോസിക്യൂഷൻ തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനായി അഡ്വ. കുന്നത്തൂർ കെ കെ ജയകുമാർ ഹാജരായി. എ വിദ്യ പ്രോസിക്യൂഷൻ സഹായിയായി.
സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
Advertisement






























