കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു.

പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്. ഇടയ്ക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിന്‍റെ അച്ഛനും സഹോദരന്‍ പ്യാരിലാലും അന്തരിച്ച ശേഷം ശാന്തകുമാരി അമ്മ മോഹന്‍ലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ-ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു.
സംസ്കാരം നാളെ തിരുവനന്തപുരത്തായിരിക്കുമെന്നാണ് സൂചന

































