സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. തുടര്‍ച്ചയായി ഒരാഴ്ചയോളം വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ വില നിലവാരം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഏഷ്യന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില കുറഞ്ഞെങ്കിലും ഇപ്പോഴും ഔണ്‍സിന് 4500 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് വില കുറഞ്ഞെങ്കിലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതും കൂടുതല്‍ അനുകൂലമായ യുഎസ് പണനയം പ്രതീക്ഷിക്കുന്നതും കാരണം സുരക്ഷിതമായ നിക്ഷേപ ആവശ്യകത മൂലം വിലകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 13000 രൂപ പിന്നിട്ട ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് താഴ്ന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 12990 രൂപയാണ് വില. ഇന്നലെ ഇത് 13055 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന്‍ സ്വര്‍ണം ഇന്ന് 103920 എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 104440 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു.
24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,171 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,628 രൂപയാണ് വില. അതേസമയം, ഇന്ത്യയില്‍ ഇന്ന് വെള്ളി വില ഗ്രാമിന് 258 രൂപയും കിലോഗ്രാമിന് 2,58,000 രൂപയും ആണ്. വെള്ളി വിലയില്‍ ഇന്ന് ഗ്രാമിന് 4 രൂപയുടെ ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 19 മുതല്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഉയരുകയായിരുന്നു.
































