ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് കാര്യവട്ടത്ത്

Advertisement

ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരത്തിലും വിജയം തുടർന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ വനിതകൾ.


ഓൾറൗണ്ട് മികവാണ് ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശർമയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീൻഫീൽഡ് പിച്ചിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ഫോമാണ് ബാറ്റിംഗിൽ ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി സുന്ദരമായൊരു ബാറ്റിങ് വിരുന്നാണ് ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ജെമീമ റോഡ്രിഗസിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദനയ്ക്ക് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനാവാത്തതാണ് ചെറിയ നിരാശ പകരുന്നത്.


മറുഭാഗത്ത്, ബാറ്റിംഗ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ വലയ്ക്കുന്നത്. മിക്ക ബാറ്റർമാരും ചെറിയ സ്കോറുകൾക്ക് പുറത്താകുന്നതും ഫീൽഡിങ്ങിലെ പിഴവുകളും അവർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് വലിയ പിന്തുണയാണ് മത്സരത്തിന് ലഭിക്കുന്നത്. എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബർ 30ന് നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here