41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് മണ്ഡല പൂജയോടെ സമാപനമാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 10.10-നും 11.30-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക.
മണ്ഡല പൂജ പ്രമാണിച്ച് ഇന്ന് നെയ്യഭിഷേകം 9.30 വരെ മാത്രമേ ഉണ്ടാകു. മണ്ഡലപൂജയുടെ ഭാഗമായി സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നതിനും നിയന്ത്രണമുണ്ട്. 30,000 പേർക്ക് മാത്രമാണ് വെർച്ചൽ ക്യൂവഴി ദർശനം. സ്പോട് ബുക്കിഗ് 2000 മാത്രം.
മണ്ഡല പൂജ പൂർത്തിയാക്കി ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30-ന് വൈകിട്ട് നട വീണ്ടും തുറക്കും. പ്രസിദ്ധമായ മകരവിളക്ക് ഉത്സവം ജനുവരി 14-നാണ് നടക്കുക.
ഇന്നലെയാണ് മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി എത്തിച്ചത്. കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ നേതൃത്വത്തിൽ തങ്കയങ്കി പേടകം സ്വീകരിച്ചു. തുടർന്ന് സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിച്ചു.































