സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നുമാണ്. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഓപ്പൺ ബാലറ്റിലൂടെയാകും വോട്ടെടുപ്പ്.
രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടാണെങ്കിൽ നറുക്കെടുക്കും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ, മറ്റെല്ലാ സ്ഥാനാർഥികൾക്കുമായി കിട്ടിയ ആകെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് ലഭിച്ചയാൾ വിജയിയാകും. ഇത്തരത്തിൽ ലഭിക്കാതിരുന്നാൽ കുറവ് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലാപഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. എറണാകുളത്ത് പട്ടികജാതി സംവരണവും. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 67 ഇടത്തും 941 ഗ്രാമപഞ്ചായത്തുകളിൽ 417 ഇടത്തും പ്രസിഡന്റ് സ്ഥാനം വനിതകൾക്കാണ്.































