കേരളത്തിന്റെ തദ്ദേശഭരണ, പ്രാദേശിക രാഷ്‌ട്രീയ ചിത്രം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച രാവിലെ എട്ട് മുതൽ 244 കേന്ദ്രങ്ങളിലായി നടക്കുക. ആദ്യം തപാൽ വോട്ട് എണ്ണും. തുടർന്ന് വോട്ടിങ് മെഷീനുകൾ തുറക്കും. ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ ഗ്രാമപഞ്ചായത്തുകളുടെ ഫലം പൂർണമാകും. ഉച്ചയോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം അറിയാം.
തെരഞ്ഞെടുപ്പുഫലം തത്സമയം അറിയാം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റിൽനിന്നും ഫലം തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം, ജില്ലാ അടിസ്ഥാനത്തിൽ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുംവിധം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടുനില അപ്പപ്പോൾത്തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം.
ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് കേന്ദ്രത്തിലായിരിക്കും. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിലായിരിക്കും.
വാർഡുകളുടെ ക്രമനമ്പർ പ്രകാരമാണ് വോട്ടിങ് യന്ത്രം എണ്ണൽ മേശയിൽ വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും വോട്ടിങ് യന്ത്രങ്ങൾ ഒരു മേശയിൽത്തന്നെ എണ്ണും. വോട്ടിങ് യന്ത്രത്തിൽനിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുവിവരം കിട്ടും. ഫലം അപ്പോൾത്തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ തപാൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
Home News Breaking News കേരളത്തിന്റെ തദ്ദേശഭരണ, പ്രാദേശിക രാഷ്‌ട്രീയ ചിത്രം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം… വാർഡുകളിൽ ഉൾപ്പെടെയുള്ള ഫലം...































