കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന അതേ ശിക്ഷ തന്നെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
രാജ്യമാകെ ശ്രദ്ധിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണം. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സംഗമാണ്. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ല- പ്രോസിക്യൂഷൻ ഉന്നയിച്ചു.
അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാനാകൂവെന്നും എന്നാല്‍ അത്തരത്തിലല്ല നടന്നതെന്നുമായിരുന്നു പൾസർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നുചോദിച്ച കോടതി സ്ത്രീയുടെ സകല അന്തസ്സും അഭിമാനവുമാണ് പ്രധാനമെന്ന് പ്രതികരിച്ചു.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
2017 ഫെബ്രുവരി 17ന് രാത്രി അങ്കമാലി അത്താണിക്കുസമീപം കാർ തടഞ്ഞുനിർത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലവീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് കേസ്.
ഗൂഢാലോചനക്കുറ്റവും തെളിവുനശിപ്പിക്കലും തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി എട്ടാംപ്രതി ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്‌തിരി സനില്‍), 15–ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. വി അജകുമാറാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
































