ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

Advertisement

മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ ചിത്രപ്രിയയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.

മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here