നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ. നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി.കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി വന്നിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. നടന്‍ ദിലീപ് കേസിൽ എട്ടാംപ്രതിയായിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.
നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ, ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തിൽ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന് ദിലീപിനെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
































