ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Advertisement

ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവി വഹിക്കുന്നത്. എന്‍ഡിഎ മുന്നണി സര്‍ക്കാരിലെ 21 അംഗങ്ങളും പട്‌നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി എന്‍ഡിഎയിലെ പ്രമുഖ നേതാക്കളും ചടങ്ങിന്റെ ഭാഗമായി. പ്രഗല്‍ഭരായ ഒരു പറ്റം നേതാക്കള്‍ ഇനി ബിഹാറിനെ നയിക്കുമെന്ന് ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ, രേഖ ഗുപ്ത തുടങ്ങി എന്‍ഡിഎ മുഖ്യമന്ത്രിമാരും ചടങ്ങില്‍ എത്തിയിരുന്നു.
ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി അശോക് ചൗധരി, സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി സന്തോഷ് കുമാര്‍ സുമന്‍ തുടങ്ങിയവരാണ് ബിഹാര്‍ കാബിനറ്റിലെ മറ്റ് പ്രമുഖര്‍. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയുവില്‍ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Advertisement