പ്രതിപക്ഷ നേതാവാകാനില്ലെന്ന് തേജസ്വി, ലാലു നിർബന്ധിച്ചപ്പോൾ നിലപാട് മാറ്റി, കുടുംബത്തിൽ ഭിന്നത രൂക്ഷം

Advertisement

പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ എംഎൽഎ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബീഹാറിലെ പ്രധാന പ്രതിപക്ഷത്തിന്, ഇത്തവണ 25 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.

2020ൽ ലഭിച്ചതിനേക്കാൾ 50 സീറ്റുകൾ കുറവാണ് ഇക്കുറി ലഭിച്ചത്. എന്നാൽ, തേജസ്വി പ്രതിപക്ഷ നേതാവാകാണമെന്ന് ലാലു പ്രസാദ് നിർബന്ധിച്ചു. തന്റെ പിതാവും മുതിർന്ന മുൻ മുഖ്യമന്ത്രിയുമായ ലാലു യാദവാണ് ആർജെഡി സ്ഥാപിച്ചതെന്നുംഅദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തേജസ്വി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ യുവ നേതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

തേജസ്വി യാദവ് തന്റെ സഹായിയും ആർജെഡിയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനെ പിന്തുണച്ചു. ആർജെഡി കുടുംബ നാടകങ്ങൾക്കിടയിൽ സഞ്ജയ് യാദവിന്റെ പേരും ഉയർന്നു. അതേസമയം, സഹോദരി രോഹിണി ആചാര്യ, തേജസ്വി തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതായി ആരോപിച്ചു.

ആർജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തിൽ തേജസ്വി പറഞ്ഞു. തേജസ്വി യാദവിന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണ് സഞ്ജയ് യാദവ് എന്നും ആർജെഡിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ പ്രധാന പങ്കുവഹിച്ചിരുത് അദ്ദേഹമായിരുന്നെന്നും റിപ്പോർട്ടുണ്ട്. പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും പ്രധാന റോൾ സഞ്ജയുടേതായിരുന്നു. നേരത്തെ, തേജസ്വി യാദവിന്റെ മൂത്ത സഹോദരനും ഇപ്പോൾ അകന്നു കഴിയുന്നതുമായ തേജ് പ്രതാപ് യാദവ്, സഞ്ജയ് യാദവ് തന്റെ ഇളയ സഹോദരനോട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പറഞ്ഞിരുന്നു. രോഹിണിയും സഞ്ജയിനെതിരെ രം​ഗത്തെത്തിയിരുന്നു.

Advertisement