കൊല്ലത്ത് ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Advertisement

കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വാളത്തുങ്കൽ സ്വദേശികളായ അഭിജിത്ത് (17), ആദിത്യൻ (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ആറ് കുട്ടികളടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാവിലെ മുതൽ ജെട്ടിയിൽ കുളിക്കാനെത്തിയത്. ഇവരിൽ രണ്ടുപേർ വെള്ളത്തിൽ ആഴത്തിലകപ്പെട്ടതോടെ കരയിൽ നിൽക്കുന്ന കൂട്ടുകാർ ബഹളം വെച്ചു. ഇത് കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

സമീപവാസിയും പോലീസ് ഉദ്യോഗസ്ഥനുമായ സഹീർ, അദ്ദേഹത്തിന്റെ സഹോദരൻ സാജിദ്, അജീർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഗ്നിരക്ഷാസേനാ സംഘവും കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും എത്തുന്നതിന് മുമ്പ് തന്നെ രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു. ഇരുവരെയും കരയ്ക്ക് കയറ്റിയ ശേഷം ആംബുലൻസ് സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന്   അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

Advertisement