‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി

Advertisement

സഞ്ജു സാംസണ്‍ ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പടിയിറങ്ങി. ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും വിഡിയോയുമാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനും ‘ചേട്ട’നുമായ സഞ്ജുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി എന്നായിരുന്നു പോസ്റ്റ്. പൊടിമീശക്കാരനായ സഞ്ജു ക്രിക്കറ്റ് ബാഗിന് മുകളിലിരിക്കുന്നതും മുതിര്‍ന്ന സഞ്ജു കസേരയിലിരുന്ന് പഴയ പൊടിമീശക്കാരനെ നോക്കുന്നതുമായ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നന്ദിയെന്ന് പോസ്റ്റിന് ചുവടെ ആരാധകരും കുറിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് പറയുമ്പോള്‍ സഞ്ജുവിനെ കുറിച്ച് എങ്ങനെ പറയാതിരിക്കുമെന്നും, ഏറ്റവും മികച്ച ക്യാപ്റ്റനെന്നും, പിന്തുണച്ചതിന് നന്ദിയെന്നും സഹതാരങ്ങള്‍ പറയുന്ന വിഡിയോയും കാണാം. മാധ്യമങ്ങളെന്തും പറഞ്ഞോട്ടെ പക്ഷേ സഞ്ജുവിന്റെ ഏറ്റവും വലിയ ആരാധകന്‍ താനാണെന്ന് റിയാന്‍ പരാഗും പറയുന്നു. നായകനായും കൂട്ടുകാരനായും സഞ്ജുവിനെ മിസ് ചെയ്യുമെന്ന് താരങ്ങള്‍ പറയുന്നു. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന്‍ കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനും റോയല്‍സിലേക്കെത്തും.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും സിംഹങ്ങളുടെ മടയിലേക്ക് സ്വാഗതമെന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തല ധോണിയെ ആരാധനയോടെ നോക്കി നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് വിസില്‍ പോട് എന്ന ഹാഷ്ടാഗോടെ സിഎസ്‌കെ പോസ്റ്റ് ചെയ്തത്.

Advertisement