കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വ്യാജ സ്വാമി അറസ്റ്റില്‍

Advertisement

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് പോലീസ് പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്.

ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി.
അതേസമയം ഷിനുവിന്റെ മുറിയില്‍ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ചൂരല്‍പ്രയോഗവും ഇയാള്‍ നടത്താറുണ്ടെന്നാണ് വിവരം.

Advertisement