രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കും. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. 13 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20ലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗഅട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകള്‍ തല്‍കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് ഓഫിസും അറിയിച്ചു.
ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിക്കപ്പെട്ട ഐ20 കാര്‍ ആക്രമണത്തിന് രണ്ട് മണിക്കൂറുകള്‍ മുന്‍പ് ചെങ്കോട്ടയോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്നുവെന്നും ഇതിന് ശേഷമാണ് കാര്‍ സുഭാഷ് മാര്‍ഗിലേക്ക് നീങ്ങിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശിക്ഷ നല്‍കുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനില്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ക്കും പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്കുമൊപ്പം രാജ്യം മുഴുവനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
































