എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

Advertisement

കേരളത്തിലെ ട്രെയിൻ ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലായി എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി. പുതിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും.
വാരാണസിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേരളത്തിലേത് അടക്കം നാല് വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണി മുതൽ 8.40 വരെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

എറണാകുളം – ബംഗളൂരു റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല. കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിലെത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, എന്നിവയാണ് എറണാകുളത്തിനും ബംഗളൂരുവിനും ഇടയിൽ ട്രെയിൻ നിർത്തുന്ന പ്രധാന സ്റ്റേഷനുകൾ.

Advertisement