പെൺകുട്ടിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു… കോട്ടയത്ത് ആഭിചാരക്രിയ നടത്തിയ മൂന്നുപേർ അറസ്റ്റിൽ

Advertisement

കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ കോട്ടയത്ത് യുവതിക്ക് ക്രൂര പീഡനം. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്.
യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആഭിചാരക്രിയ നടത്തിയ പത്തനംതിട്ട സ്വദേശി ശിവദാസ്, ഭർത്താവ് മണർകാട് സ്വദേശി അഖിൽദാസ്, പിതാവ് ദാസ് എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ യുവാവിന്റെ അമ്മയാണ് പെൺകുട്ടിയ്ക്ക് മേൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്. പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തിയതി രാവിലെ 11 മുതൽ രാത്രി ഒമ്പത് മണിവരെയായിരുന്നു പീഡനം. പെൺകുട്ടിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു. പിന്നാലെ കുട്ടിയുടെ മനോനിലയിൽ വന്ന പ്രശ്‌നങ്ങൾ ശ്രദ്ധിച്ച പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

Advertisement