ചവറ- ശാസ്താംകോട്ട പാതയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

Advertisement

ചവറ – ശാസ്താംകോട്ട പാതയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംക്‌ഷനിലാണ് അപകടം. ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. 

അമിത വേഗത്തിലെത്തിയ സഫ എന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്കു തെറിച്ചുവീണ അബ്ദുൽ മുത്തലിഫിന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി. ഏഴ് മിനിറ്റോളം റോഡിൽ കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന തേവലക്കര മുള്ളിക്കാല സ്വദേശി രാധാകൃഷ്ണപിള്ള നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കൊല്ലം – പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായതെന്നു നാട്ടുകാർ പറഞ്ഞു. നിർമാണ തൊഴിലാളിയായ അബ്ദുൽ മുത്തലിഫ് ജോലിക്കു പോകുകയായിരുന്നു. സംഭവസ്ഥലത്തിനു 300 മീറ്റർ അകലെ ഇന്നലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരുക്കേറ്റിരുന്നു.

Advertisement