ബാലമുരുകന്‍റെ രക്ഷപ്പെടൽ, കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്…തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

Advertisement

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ബാല മുരുകനെ കണ്ടെത്തുന്നതിനായി ഇയാളുടെ കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. അതേസമയം സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. അതേസമയം, രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇതിനിടെ, ബാലമുരുകന്‍റെ കുറ്റകൃത്യത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടിലെ കവർച്ച കേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. പിന്നീട് മറയൂർ പൊലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിക്കുന്നത്. ഇതിനിടെയാണ് തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്. തിരിച്ചുകൊണ്ടുവരുന്നതിനിടെയാണിപ്പോള്‍ രക്ഷപ്പെട്ടത്.

Advertisement