ദിനം പ്രതി നമ്മളിൽ പലരും മുട്ട വിഭവങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇതിൽ പുഴുങ്ങിയ മുട്ട ഉപയോഗിച്ചുള്ള കറികൾ അപ്പത്തിനും ചപ്പാത്തിയ്ക്കുമൊപ്പമാണ് സാധാരണയായി ഉപയോഗിക്കാറ്. മുട്ട പുഴുങ്ങിയതിനു ശേഷം ചിലപ്പോൾ തൊലി ഇളക്കി മാറ്റുമ്പോൾ തോടിൽ ഒട്ടിപ്പിടിച്ചിരിക്കാനും മുട്ട ശരിയായ രീതിയിൽ പൊളിച്ചു മാറ്റാനും കഴിയാതെ വരാറുണ്ട്. മുട്ട പുഴുങ്ങുമ്പോൾ ഇനി പറയുന്ന കാര്യം ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ മുട്ട അതിന്റെ പുറം തോടിൽ നിന്നും പൊളിച്ചെടുക്കാം.
നല്ലതു പോലെ തിളച്ച വെള്ളത്തിലേക്ക് എത്ര മുട്ടയാണോ പുഴുങ്ങേണ്ടത് അത്രയും മുട്ടകൾ പതിയ ഇട്ടുകൊടുക്കണം. അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്തുകൊടുക്കാം. പത്തുമിനിറ്റ് നേരം ഉയർന്ന ചൂടിൽ മുട്ട തിളപ്പിക്കണം. ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ഉടനെ തന്നെ ചൂട് വെള്ളത്തിൽ നിന്നും മാറ്റിയ മുട്ട തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കണം. കൂടെ മൂന്നോ നാലോ ഐസ് ക്യൂബ് കൂടി ഇടാം. ഒരു പത്തുമിനിറ്റ് നേരം തണുത്ത വെള്ളത്തിൽ കിടന്ന മുട്ട അവിടെ നിന്നും എടുത്തു തോട് പൊട്ടുന്ന രീതിയിൽ പരന്ന പ്രതലത്തിൽ ഉരുട്ടിയതിനു ശേഷം പൊളിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ മുട്ടയ്ക്ക് യാതൊരു കേടുപാടുകളും വരാതെ പൊളിച്ചെടുക്കാൻ സാധിക്കും.