തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് സ്വാഗതം, ചട്ടങ്ങൾലളിതമാക്കാൻ ഏജൻസിയുമായി ജർമനി

Advertisement

കൊച്ചി: ‘തൊഴിൽ വൈദഗ്ധ്യമുള്ള ഒട്ടേറെ ചെറുപ്പക്കാർ ഇന്ത്യയിലുണ്ട്. ജർമനിയിലേക്കു വരാൻ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു. അവർക്കായി നടപടിക്രമങ്ങൾ ലളിതമാക്കാനായി വർക്ക് ആൻഡ് സ്റ്റേ ഏജൻസി ആരംഭിക്കുകയാണ് ജർമനി. ഔദ്യോഗിക ചിട്ടവട്ടങ്ങൾ ആകർഷകമാക്കാനാണ് ഈ ഓൺലൈൻ ഏകജാലകസംവിധാനം’ -ജർമൻ പാർലമെന്റിലെ മുതിർന്ന അംഗം ജോസഫ് ഓസ്റ്റർ പറയുന്നു. ചാവറ കൾച്ചറൽ സെന്ററിൽ സന്ദർശനത്തിന് എത്തിയ ജർമൻ പാർലമെന്റ് അംഗങ്ങളുടെ സംഘത്തെ നയിക്കുന്നത് ജോസഫ് ഓസ്റ്റർ ആണ്.

‘വിദേശ രാജ്യങ്ങളിൽ ഇന്ത്യയാണ് ജർമനിക്ക് ഏറെ പ്രധാനം. ഇരു രാജ്യങ്ങൾക്കും വലിയ സാംസ്കാരിക പൈതൃകവും നല്ല നയതന്ത്രബന്ധവുമുണ്ട്. ജർമനിയിലേക്ക് വരാൻ താത്പര്യമുള്ള വിദഗ്ധരായ ചെറുപ്പക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതും ഞങ്ങളുടെ ഈ സന്ദർശനത്തിന്റെ ഒരു ലക്ഷ്യമാണ്’-അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം പരമാവധി കുറയ്ക്കാൻ പല നടപടികളും ജർമനി എടുത്തുവെന്ന് ജോസഫ് ഓസ്റ്റർ പറഞ്ഞു. അതിർത്തി സുരക്ഷയും പോലീസ് നിരീക്ഷണവും വർധിപ്പിച്ചു. ഇപ്പോൾ യൂറോപ്പിലെ കുടിയേറ്റ നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടക്കുകയാണ്. പക്ഷേ, അതെല്ലാം അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിലാണ്. നിയമാനുസൃതം വരുന്നവർക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ജർമനി ഏറ്റവും സുരക്ഷിതമായ രാജ്യമാണ്.

മതഭേദമില്ലാതെ എല്ലാവർക്കും മനുഷ്യാവകാശങ്ങൾ ജർമനി ഉറപ്പുനൽകുന്നുണ്ട്. പാർലമെന്റ് മന്ദിരത്തിലുള്ളത് പൊതുപ്രാർഥനാമുറിയാണ്. എല്ലാ മതക്കാർക്കും അത് ഉപയോഗിക്കാം. വരുന്നവർ അവരുെട മതചിഹ്നങ്ങൾ വച്ച് അവരുടേതായ രീതിയിൽ പ്രാർഥിക്കുന്നു.

സോഷ്യൽ മീഡിയയിലെ വിദ്വേഷപ്രചാരണവും കുപ്രചാരണവും ലോകത്തെങ്ങുമുള്ളതുപോലെ ജർമനിയിലുമുണ്ട് എന്ന് ജോസഫ് ഓസ്റ്റർ പറഞ്ഞു. അത് ജനാധിപത്യത്തിലെ ഒരു പൊതുപ്രശ്നമാണ്. ജർമനി അതിനെ ചെറുക്കാൻ ബോധവത്കരണവും ഇന്റലിജൻസ് സംവിധാനവും ശക്തിപ്പെടുത്തുന്നുണ്ട്.

സഹിഷ്ണുതയുടെ കാര്യത്തിൽ ലോകത്ത് പലയിടത്തും വെല്ലുവിളികളുണ്ട് എന്നത് വാസ്തവമാണ്. നിങ്ങളുടെ നാട് വ്യത്യസ്തമാണ്. ഈ സാംസ്കാരികവൈവിധ്യവും സഹിഷ്ണുതയും ശ്രദ്ധേയമാണ് -അദ്ദേഹം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here