മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ (സിബിഐസി & സിബിഎൻ) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി).
വിവിധ പ്രദേശങ്ങൾ, സംസ്ഥാനങ്ങൾ, സംവരണ വിഭാഗങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദമായ വിവരങ്ങൾ പട്ടികയിലുണ്ട്.
ഈ വർഷം ആകെ 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 18-25 വയസ്സ് വരെ പ്രായമുള്ളവർക്കായി, എംടിഎസ് വിഭാഗത്തിൽ 6,078 തസ്തികകളും, 18-27 വയസ്സ് പ്രായമുള്ള എംടിഎസ് ഉദ്യോഗാർഥികൾക്കായി 732 തസ്തികകളും ആണ് ഉള്ളത്.
സിബിഐസി, സിബിഎൻ സ്ഥാപനങ്ങളിലെ ഹവിൽദാർ തസ്തികകളിലേക്ക് 1,138 ഒഴിവുകളും ഉണ്ട്.
ആകെ ഒഴിവുകളിൽ 3,679 എണ്ണം സംവരണം ചെയ്യാത്തവയാണ്. ഒബിസി-1,973, എസ്സി-859, എസ്ടി-621, ഇഡബ്ല്യുഎസ് -816 എന്നിങ്ങനെയാണ് അവസരങ്ങൾ.
ഭിന്നശേഷിക്കാർക്കായി (പിഡബ്ല്യുഡി) 310 തസ്തികകളും വിമുക്തഭടൻമാർക്കായി 731 സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
നോർത്തേൺ റീജിയണിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ഡൽഹിയിൽ മാത്രം 1,961 എംടിഎസ് ഒഴിവുകളുണ്ട്. വെസ്റ്റേൺ റീജിയണിൽ മഹാരാഷ്ട്രയിൽ 732 തസ്തികകളും, ഈസ്റ്റേൺ റീജിയണിൽ പശ്ചിമ ബംഗാളിൽ 542 ഒഴിവുകളുമുണ്ട്.
ഹവിൽദാർ തസ്തികകളിലേക്കുള്ള 1,138 ഒഴിവുകൾ സിബിഐസി, സിബിഎൻ എന്നിവയുടെ കീഴിലുള്ള വിവിധ കമ്മീഷണറേറ്റുകളിലായാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ മുംബൈ, ചെന്നൈ, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നു.
ഈ തസ്തികകളുടെ കമ്മീഷണറേറ്റ് തിരിച്ചുള്ളതും വിഭാഗം തിരിച്ചുള്ളതുമായ വിശദാംശങ്ങൾ ഔദ്യോഗിക പിഡിഎഫിൽ നൽകിയിട്ടുണ്ട്.
ഈ കണക്കുകൾ താൽക്കാലികമാണെന്നും വകുപ്പുകൾ ഒഴിവുകളുടെ എണ്ണം പുതുക്കുന്നതിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാമെന്നും എസ്എസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.































