കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ, അമിതവണ്ണം എന്നിവ ഇന്ന് കൂടുതൽ പേരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ശരീരഭാരം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഭക്ഷണക്രമത്തിൽ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ തടയാനാകുമെന്ന് ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ആദ്യത്തെ കാര്യം എന്ന് പറയുന്നത് പ്ലേറ്റിൽ വിഭവങ്ങൾ എടുക്കുന്നതിന്റെ അളവാണ്. നിങ്ങളുടെ പ്ലേറ്റിന്റെ പകുതിയും പച്ചക്കറികളായിരിക്കണം. എണ്ണിൽ വറുത്തെടുത്ത വിഭവങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ പച്ചയ്ക്ക് കഴിക്കാം.
പച്ചക്കറികളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ ഗ്ലൂക്കോസ് പ്രതികരണത്തെ മെച്ചപ്പെടുത്തുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൊളസ്ട്രോളിന് പ്രധാനമായ ലിപിഡ് മെറ്റബോളിസത്തിനും ഇത് സഹായിക്കുന്നു. ഭക്ഷണത്തിലെ പകുതിയും പച്ചക്കറികളാകുമ്പോൾ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു.
രണ്ടാമത്തത് പ്രോട്ടീനാണ്. എല്ലാ പ്രധാന ഭക്ഷണത്തിലും 25–30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ 25–30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ശീലമാക്കുക. പനീർ, ഗ്രീക്ക് തൈര്, മുട്ട, രാജ്മ, ചോളം, ഗ്രിൽ ചെയ്ത ചിക്കൻ അല്ലെങ്കിൽ മത്സ്യം എന്നിവ പ്രോട്ടീൻ കൂടുതൽ നൽകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ഇത് കൂടുതൽ നേരം വയറു നിറച്ചു നിർത്തുന്നു. കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികളുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
കാർബോഹൈഡ്രേറ്റ് കുറയ്ക്കരുതെന്നതാണ് ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം. ഓട്സ്, തവിട്ട് അല്ലെങ്കിൽ ചുവന്ന അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ എന്നിവ തിരഞ്ഞെടുക്കുക. കൂടാതെ, കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് ഒഴിവാക്കുക. ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത്താഴം പരമാവധി നേരത്തെ കഴിക്കുന്നത് പതിവാക്കുക എന്നതാണ് നാലാമത്തെ കാര്യം.

































