പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നെഞ്ചെരിച്ചല്‍. പ്രായഭേദമന്യേ എല്ലാവരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ഒരു ശ്രദ്ധ വരുത്തിയാല്‍ നെഞ്ചെരിച്ചലിന് പരിഹാരം കാണാനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് നെഞ്ചെരിച്ചലിന് കാരണം. തുടര്‍ച്ചയായി ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ ഗ്യാസ്‌ട്രോ-ഈസോഫാഗല്‍ റിഫ്‌ലക്‌സ് ഡിസീസ് എന്ന് വിളിക്കും. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മാത്രമല്ല മാനസിക സമ്മര്‍ദം പോലും നെഞ്ചെരിച്ചലിന് കാരണമാകാറുണ്ട്.
നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത് പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാണ്. നെഞ്ചെരിച്ചില്‍, നെഞ്ചില്‍ അനുഭവപ്പെടുന്ന പുകച്ചില്‍, വായില്‍ പുളിയോ കയ്‌പ്പോ അനുഭവപ്പെടുന്നത്, വയറുവീര്‍ക്കുന്നത്, ഏമ്പക്കം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങള്‍. രാവിലെ ഉണ്ടാകുന്ന ശബ്ദമടപ്പ്, തൊണ്ടവേദന, തൊണ്ടയില്‍ എന്തോ കുടുങ്ങിയതുപോലെയുള്ള തോന്നല്‍ എന്നിവയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളില്‍പ്പെടും.
ഇന്ന് പലരും രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്നവരാണ്. അതൊരു ശീലമായി മാറി. ആളുകളുടെ ജോലിസമയവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളും മൂലം രാത്രി പത്തിന് ശേഷമാണ് പലരും ഡിന്നര്‍ കഴിക്കുന്നത്. ഈ ശീലം ദഹനവ്യവസ്ഥയ്ക്ക് പണി തരുമെന്ന് മുന്നറിയിപ്പ് തരുകയാണ് വിദഗ്ധര്‍.
ദഹനത്തെ മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ ശീലം കാരണമായേക്കും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നന്നല്ല. ശരീരം വിശ്രമിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വയറിങ്ങനെ നിറഞ്ഞിരിക്കുന്നത് എന്നോര്‍ക്കണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വയറും അന്നനാളവും ഒരേ തലത്തില്‍ വരികയും ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യും. തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, തൊണ്ടയില്‍ അസ്വസ്ഥത എന്നിവയിലേക്ക് ഇത് നയിക്കും.
ഉറക്കത്തേയും രാത്രി വൈകിയുള്ള ഈ ഭക്ഷണം കഴിക്കല്‍ പ്രതികൂലമായി ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങുന്നതുമൂലം കുടലില്‍ അസ്വസ്ഥതയുണ്ടാകും. ഇത് ഉറക്കം നഷ്ടപ്പെടുത്തും, നിങ്ങളെ ക്ഷീണിതരാക്കും. രാത്രിയിലെ ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ആരോഗ്യത്തില്‍ വലിയ ഗുണം ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ഒരു ശീലമാക്കാം. കൊഴുപ്പും എണ്ണമയവുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പതിവായി കഴിക്കാതെ ഇരിക്കുന്നതും നല്ലതാണ്.
































