എല്ലാ വർഷവും നവംബർ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യത ഉണ്ട്. ഇതുമൂലം വൈറസുകളും ബാക്ടീരിയകളും പെട്ടെന്ന് കുട്ടികളുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും.
ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
ന്യുമോണിയക്കെതിരെയുള്ള വാക്സിൻ കുട്ടികള്‍ക്ക് എടുക്കേണ്ടത് ഏറെ പ്രധാനമാണ്.
രണ്ട്
വ്യക്തിശുചിത്വമാണ് ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ പ്രധാനമായി വേണ്ടത്. ഇതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് എപ്പോഴും കൈ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാനും ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ കഴുകാനും കുട്ടികളെ ശീലിപ്പിക്കുക. കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
മൂന്ന്
രോഗ പ്രതിരോധശേഷി കൂട്ടുക എന്നതും പ്രധാനമാണ്. പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് കൊടുക്കുക. സമീകൃതാഹാരം ഏറെ പ്രധാനമാണ്. ഇതിനായി പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്
വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
അഞ്ച്
പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയവ ഉള്ളവരിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. അതുപോലെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കിൽ കൈകള്‍ കൊണ്ട് മറയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കുക.
ആറ്
വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. പൊടിയും അലർജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ തറ, ഫർണിച്ചറുകൾ, പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.





































