സോഷ്യല്‍ മീഡിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ വാഴ 2 തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിപിന്‍ ദാസ്.
വാഴയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യ ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാക്കി മാറ്റിയ സംഘത്തില്‍ നിന്നും മൂന്നാം ഭാഗവുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് എത്തുന്നത്.
ആരൊക്കെയായിരിക്കും വാഴ 3ല്‍ ഉണ്ടാവുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ താരങ്ങളെ അവതരിപ്പിക്കുകയാണോ അതോ ഇതുവരെ കണ്ടവരെ വച്ച് തന്നെ തുടര്‍ച്ചയൊരുക്കുകയാണോ ചെയ്യുകയെന്നതും കണ്ടറിയണം. എന്തായാലും വാഴ 2, നൂറ്റമ്പത് കോടിയും കടന്ന് മുന്നോട്ട് പോകുമ്പോള്‍ മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കുന്നു.






























