അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചത്താ പച്ചയുടെ റിലീസ് തീയതി പുറത്ത്. റെസിലിങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്‍ മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ചത്താ പച്ച ‘ ജനുവരി 22 ന് പ്രദര്‍ശനത്തിനെത്തും.
നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഹാന്‍ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് വേഫറര്‍ ഫിലിംസ് ആണ്. ചിത്രത്തിന്റെ തമിഴ് നാട്, കര്‍ണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആര്‍ ഐനോക്‌സ് പിക്‌ചേഴ്‌സ് ആണ്.
ആന്ധ്രതെലങ്കാന മേഖലയില്‍ മൈത്രി മൂവി മേക്കേഴ്‌സ്, നോര്‍ത്ത് ഇന്ത്യയില്‍ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദ് പ്ലോട്ട് പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.
മലയാള സിനിമയില്‍ ആദ്യമായി ശങ്കര്‍എഹ്സാന്‍ലോയ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാനരചന വിനായക് ശശികുമാര്‍, പശ്ചത്താല സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്‍. ആക്ഷന്‍ കൊറിയോഗ്രഫി കലൈ കിങ്‌സണ്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. തിരക്കഥ സനൂപ് തൈക്കൂടം.

































