ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഉണ്ടായ ലാഭ നഷ്ട കണക്കുകളുടെ പട്ടികയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇത് പ്രകാരം 2025 ല്‍ മലയാള സിനിമകള്‍ ആകെ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. ഈ വര്‍ഷം ഇതുവരെ 183 ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടതില്‍ തിയറ്ററുകളില്‍ നേട്ടം കൊയ്തത് 15 ചിത്രങ്ങള്‍ മാത്രമാണ്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമ്മാതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. തിയറ്ററില്‍ മികച്ച കളക്ഷന്‍ ലഭിച്ച 15 ചിത്രങ്ങളില്‍ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം സൂപ്പർ ഹിറ്റുകൾ. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയറ്ററുകളിൽ നഷ്ടമാണെന്ന് നിർമാതാക്കളുടെ സംഘടന വിലയിരുത്തുന്നു. ഇങ്ങനെ പോയാൽ വൈകാതെ മലയാളത്തിൽ സിനിമാ നിർമ്മാണം കുറയുമെന്നാണ് കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കള്‍ പറയുന്നത്.
ഈ വർഷം ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ട പ്രധാന മലയാള ചിത്രങ്ങളിൽ.
മമ്മൂട്ടി ചിത്രമായ ബസൂക്കയും പട്ടികയിലുണ്ട്. ഈ വർഷത്തെ വിഷു റിലീസായി ഏപ്രിൽ 10നായിരുന്നു സിനിമ തിയറ്ററുകളിൽ എത്തിയത്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം വമ്പൻ ഹൈപ്പിലാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. എന്നാൽ ചിത്രം ബോക്‌സ് ഓഫിസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇതിനു പുറമെ ചിത്രത്തിന്റെ തിയേറ്റർ റൺ കഴിഞ്ഞെങ്കിലും ഒടിടിയിൽ അതിന് ഇതുവരെ റിലീസ് കിട്ടിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 26.3 കോടിയാണ് ബസൂക്കയുടെ ആഗോള കളക്ഷൻ.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്‌ത ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രവും തീയറ്ററുകളിൽ പരാജയം നേരിട്ടിരുന്നു. ചിത്രം റിലീസിനുമുമ്പ് വലിയ ഹൈപ്പ് നേടിയിരുന്നു. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ശക്തമായ താരനിരയുണ്ടായിട്ടും ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല.
ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഒന്നാണ് അർജുൻ അശോകൻ നായകനായി എത്തിയ ‘എന്ന് സ്വന്തം പുണ്യാളൻ’. ആകർഷകമായ പ്രമേയവും വാഗ്‌ദാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ, തീയറ്ററിൽ വലിയ പരാജയമായി മാറുകയും ചെയ്‌തിരുന്നു.
ആന്റണി വർഗീസ് നായകനാകുന്ന ദാവീദ് ഏറെ ഹൈപ്പോടെയാണ് തീയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷക്കൊത്ത് വളർന്നില്ല.സാങ്കേതികമായി മികച്ചതായിട്ടും ബോക്‌സ് ഓഫീസിൽ നിരാശാജനകമായ പ്രകടനമാണ് സിനിമ കാഴ്‌ച വച്ചത്.മോഹൻലാൽ ചിത്രം വൃഷഭ, നിവിൻ പോളി ചിത്രം സർവം മായ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ ക്രിസ്മസിന് തിയറ്ററുകളിൽ കാട്ടുന്നുണ്ട്. സർവ്വം മായയ്ക്ക് പോസിറ്റീവ് റിവ്യുകളാണെങ്കിൽ മോഹൻലാലിൻ്റെ വൃഷഭ നിരാശപ്പെടുത്തുന്നു.ക്രിസ്മസ് റിലീസുകളുടെ ബോക്സ് ഓഫീസ് പ്രകടനം എത്തരത്തില്‍ ആയിരിക്കുമെന്ന് ഇന്‍ഡസ്ട്രി കൗതുകപൂര്‍വ്വം കാത്തിരിക്കുന്നുണ്ട്.
Home News Breaking News 2025-ൽ 183 പടങ്ങൾ, നേട്ടം കൊയ്തവ 15, പൊട്ടിപ്പൊളിഞ്ഞ പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും






































