കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളില്‍… 22 നായികമാര്‍… ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകന്‍

Advertisement

മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ ഒരു സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാന്‍ സയീദ് ആണ്.
മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാന്‍ ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും സംവിധായകനായ ജിതിന്‍ കെ ജോസ് ആണ്. എന്നാല്‍ ഇതാദ്യമായല്ല, അദ്യാന്‍ മമ്മൂട്ടി ചിത്രത്തില്‍ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോണ്‍ട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാന്‍ ആയിരുന്നു.
അതായിരുന്നു സിനിമയില്‍ ഗായകനെന്ന രീതിയില്‍ അദ്യാന്റെ തുടക്കം. മിഥുന്‍ മുകുന്ദനാണ് വരികള്‍ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയില്‍ ഇത്രയധികം നായികമാര്‍ അണിനിരക്കുന്നത്. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, മാളവിക മേനോന്‍, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വര്‍മ്മ.
അനുപമ, വൈഷ്ണവി സായ് കുമാര്‍, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിന്‍ മരിയ, ബിന്‍സി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

Advertisement