നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ രാജ് നിദിമോറുവുമായുള്ള വിവാഹം കോയമ്പത്തൂരില്‍വെച്ച് നടന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് സൂചന.
കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച അതിരാവിലെയായിരുന്നു വിവാഹമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു.
തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യപങ്കാളി. നാലുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹംചെയ്തു.
സാമന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങള്‍ സാമന്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു.































