പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. ഭക്ഷണ പ്രിയരായ ആളുകള്‍ ഈ വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏതെന്ന് ചോദിച്ചാല്‍ ഇത്തവണയും അത് ബിരിയാണി തന്നെയാണ്. എന്തൊക്കെ കഴിക്കണമെന്ന് വിചാരിച്ച് ഫോണ്‍ എടുത്ത് ഓര്‍ഡര്‍ ചെയ്താലും അത് അവസാനം എത്തി നില്‍ക്കുന്നത് ബിരിയാണിയില്‍ തന്നെ ആണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബിരിയാണി വളരെ ഹെല്‍ത്തി ആയി കഴിക്കാം.
ബിരിയാണി കഴിക്കുമ്പോള്‍ അതിലടങ്ങിയ ചോറിന്റെ അളവ് കുറച്ച് ചിക്കന്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ബിരിയാണിക്കൊപ്പം ലഭിക്കുന്ന സാലഡിലെ തൈരും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ ഫൈബറും പ്രോബയോട്ടിക്കുകളും നല്‍കുന്നവയാണ്. ബിരിയാണിക്കൊപ്പം വറുത്ത വിഭവങ്ങള്‍, ജ്യൂസുകള്‍, പപ്പടം, അച്ചാര്‍ എന്നിവ ഒഴിവാക്കുന്നത് അധിക കലോറി ശരീരത്തിലെത്തുന്നത് തടയാന്‍ സഹായിക്കും.
പെട്ടെന്ന് തയാറാക്കുന്ന, എണ്ണ അധികമുള്ള ബിരിയാണിയേക്കാള്‍ ദം ചെയ്ത് പാകം ചെയ്യുന്ന ബിരിയാണിയാണ് ആരോഗ്യത്തിന് നല്ലത്. ദം ബിരിയാണി പാകം ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെങ്കിലും എണ്ണയുടെ ഉപയോഗം കുറവായതിനാല്‍ കഴിക്കുമ്പോള്‍ അമിതമായ അസ്വസ്ഥത അനുഭവപ്പെടില്ല. ബിരിയാണിയില്‍ ചേര്‍ക്കുന്ന ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയ മസാലകള്‍ ദഹനത്തിന് ഏറെ സഹായിക്കുന്നവയാണ്. എന്നാല്‍ അമിതമായ അളവില്‍ മുളകും കൃത്രിമ ഫ്‌ലേവറുകളും ചേര്‍ക്കുന്നത് അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
രാത്രി വൈകി ബിരിയാണി കഴിക്കുന്നത് ആരോഗ്യകരമല്ല. ഉച്ചയ്‌ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്. രാത്രിയാകുമ്പോള്‍ ദഹനം പതുക്കെയാകുന്നതിനാല്‍ രാത്രി വൈകിയുള്ള ഭക്ഷണം വയര്‍ കമ്പിക്കാനും ഭാരവര്‍ധനവിനും കാരണമാകും. ബിരിയാണി കഴിച്ചു എന്നത് കൊണ്ട് അടുത്ത നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ടതില്ല. മറിച്ച്, ലഘുവായ ഭക്ഷണങ്ങളോ പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നത് ദഹനക്കേട് ഒഴിവാക്കാന്‍ സഹായിക്കും.
































