തിരുവനന്തപുരം. കിളിമാനൂരില്‍ മകള്‍ക്ക് മുന്നില്‍ വച്ച് പിതാവിനെ ഡി.വൈ.എസ്.പി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി. മകളെ സ്‌കൂളിലിറക്കിയ ശേഷം കാര്‍ തിരിക്കവെ പോലീസ് വാഹനത്തിലെത്തിയ പുനലൂര്‍ ഡി.വൈ.എസ്.പിയാണ് മോശമായി പെരുമാറിയത്. ഒന്നാംക്‌ളാസുകാരിയായ മകള്‍ നിലവിളിച്ചെങ്കിലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി കേസെടുക്കുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ ഡിവൈഎസ്പിക്ക് എതിരെ ഡി.ജി.പിക്കും ബാലാവകാശ കമ്മിഷനും പിതാവ് പരാതി നല്‍കി

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കിളിമാനൂര്‍ പൊരുന്തമണ്‍ എം.ജി.എം സ്‌കൂളിന് മുന്നില്‍ വച്ചാണ് അടയമണ്‍ സ്വദേശി സുഭാഷ് ചന്ദ്രന് പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഒന്നാം ക്ലാസുകാരിയായ മകളെ സ്‌കൂളിന് മുന്നിലിറക്കിയ ശേഷം കാര്‍ തിരിക്കാന്‍ ശ്രമിക്കവേ പോലീസ് വാഹനത്തിലെത്തിയ ഡിവൈഎസ്പി പിതാവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് പരാതി. കണ്ടു നിന്ന മകള്‍ നിലവിളിച്ചെങ്കിലും ഇത് കൂട്ടാക്കാതെ കസ്റ്റഡിയിലെടുത്ത് കിളിമാനൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു

സ്റ്റേഷനിലെത്തിച്ച സുഭാഷ് ചന്ദ്രനെതിരെ ട്രാഫിക് നിയമം ലംഘിച്ച്തിന് കേസെടുത്തു. ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസെടുത്തതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളും ഡിവൈഎസ്പിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തി

ഡിവൈഎസ്പി അസഭ്യം വിളിയ്ക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തത് കണ്ടു ഭയന്ന മകള്‍ക്ക് മാനസിക ആഘാതം നേരിട്ടതായും, അകാരണമായി കയ്യേറ്റ ശ്രമം ഉണ്ടായതായും കാണിച്ച് ഡിജിപിയ്ക്കും, ബാലാവകാശ കമ്മീഷനും സുഭാഷ് ചന്ദ്രന്‍ പരാതി നല്‍കി.അതേസമയം, സുഭാഷ് ചന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് കിളിമാനൂര്‍ പോലീസിന്റെ വിശദീകരണം