ശ്രീനഗര്‍: ബലിപ്പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈദുഗാഹുകള്‍ക്കുള്ള ബലിമൃഗങ്ങളെ ലഭ്യമാകുന്ന ചന്തകളില്‍ തിരക്കേറി. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ കൊണ്ടാടുന്ന ആദ്യത്തെ ബലിപ്പെരുന്നാളാണ് ഇത്തവണത്തേത് എന്നതും ശ്രദ്ധേയമാണ്.

ഇക്കുറി നല്ല കച്ചവടം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബലിമൃഗങ്ങളുമായി എത്തിയിട്ടുള്ള കച്ചവടക്കാര്‍. നല്ല വില ലഭിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഇവയെ വളര്‍ത്തിയെടുക്കാന്‍ ഒരു വര്‍ഷം ലഭിച്ചെന്നും കച്ചവടക്കാര്‍ പറയുന്നു. അത് കൊണ്ട് തന്നെയാണ് ഇവ അതിമനോഹരമായി ഇരിക്കുന്നത്. നല്ല വലിപ്പവും ഇവയ്ക്കുണ്ട്. ഇവയെ വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് തക്ക പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും കച്ചവടക്കാര്‍ പങ്കുവയ്ക്കുന്നു. തങ്ങളുടെ മുഴുവന്‍ ആടുകളെയും ചെമ്മരിയാടുകളെയും വില്‍ക്കാനാകുമെന്നും ഇവര്‍ കരുതുന്നു.

ബലി നല്‍കാനുള്ള ആടുകള്‍ക്ക് പുറമെ ഡമ്പ എന്ന അപൂര്‍വ്വ ഇനവും ഇവിടെ എത്തിയിട്ടുണ്ട്. ഇതിനൊപ്പം നിന്ന് ആളുകള്‍ ഫോട്ടോ എടുക്കുക പോലും ചെയ്യുന്നു. ശ്രീനഗറില്‍ മറ്റ് കച്ചവട കേന്ദ്രങ്ങൡും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുതു വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനായി പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ലാല്‍ ചൗക്ക്, ഗോന്നി ഖാന്‍, ബഡാ മാലൂ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങൡ കച്ചവടം കൂടുതല്‍ പൊടിപൊടിക്കുമെന്നാണ് വിലയിരുത്തല്‍. പത്താം തീയതിയാണ് ബലിപ്പെരുന്നാള്‍.

കശ്മീര്‍ താഴ് വരയില്‍ ബലിമൃഗങ്ങള്‍ക്കുള്ള വില കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കിലോയ്ക്ക് 310 രൂപയാണ് ഡല്‍ഹി വല്ല, മെരിനോ ക്രോസ് ഇനത്തില്‍ പെട്ട ചെമ്മരിയാടിന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ബെക്കര്‍വാല്‍, കശ്മീരി ഇനത്തില്‍ പെട്ടവയ്ക്ക് കിലോയക്ക് 295 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ആടുകള്‍ക്ക് കിലോയ്ക്ക് 285 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ അടക്കമുള്ളവ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന് വരികയാണ്.