കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ അസ്വസ്ഥനാവുകയും, ‘കൈയിൽ ബോംബൊന്നുമില്ലെന്ന്’ പറയുകയും ചെയ്‍ത യാത്രക്കാരന് പണി കിട്ടി. ഇന്ന് പുലർച്ചെയാണ് ജീവനക്കാരുടെ പരിശോധനക്കിടെ തന്റെ കൈയിൽ ബോംബ് ഇല്ലെന്ന് എറണാകുളം സ്വദേശി ദാസ് ജോസഫ് പറഞ്ഞത്. തുടർന്ന് ജീവനക്കാരി സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും ദാസ് ജോസഫിനെയും ഒപ്പമുണ്ടായിരുന്ന ഭാര്യയുടെയും യാത്ര മുടങ്ങുകയും ചെയ്‍തു.

ഓസ്‍ട്രേലിയയിലെ മകളുടെ അടുത്തേക്ക് പോകാനാണ് 63 വയസുകാരനായ ആലുവ സ്വദേശി ദാസ് ജോസഫും ഭാര്യയും കൊച്ചി വിമാനത്താവളത്തിലെത്തിയത്. കൊച്ചിയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിലേക്കും അവിടെ നിന്ന് ഓസ്‍ട്രേലിയയിലേക്കും യാത്ര ചെയ്യാനായിരുന്നു പദ്ധതിയും ടിക്കറ്റും. കൊച്ചി വിമാനത്താവളത്തിൽ വെച്ച് ജീവനക്കാരി ബാഗേജ് പരിശോധിക്കുന്നതിനിടെ അൽപം ഭാരം തോന്നിയപ്പോൾ ബാഗിൽ എന്താണെന്ന് അദ്ദേഹത്തോട് ആരാഞ്ഞു. ഇതിൽ അസ്വസ്ഥനായ അദ്ദേഹം ബാഗിൽ ബോംബൊന്നുമില്ലെന്ന് ജീവനക്കാരിയോട് പറയുകയായിരുന്നു.

ബോംബ് എന്ന് കേട്ടതോടെ ഭയന്ന ജീവനക്കാരി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി ഇരുവരെയും കൊണ്ടുപോയി വിശദമായ പരിശോധന നടത്തി. അര മണിക്കൂറോളം സമയമെടുത്തായിരുന്നു ഈ പരിശോധനകൾ. താൻ തമാശ പറഞ്ഞതാണെന്നും ഇതിനാണോ ഇത്രയും വലിയ പരിശോധനയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ സമയം പോയതിന് പുറമെ ദാസ് ജോസഫിന്റെയും ഭാര്യയുടെയും യാത്രയും മുടങ്ങി.

ജീവനക്കാരിയോട് അദ്ദേഹം സംസാരിച്ചത് വിമാനത്താവളത്തിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ബോബ് എന്ന് അദ്ദേഹം പറഞ്ഞതായി വ്യക്തമായിട്ടുണ്ടെന്ന് സുരക്ഷാ ജീവനക്കാരും പറയുന്നു. ബോംബ് ഇല്ല എന്നാണ് താൻ പറഞ്ഞതെന്നാണ് ദാസ് ജോസഫിന്റെ വാദം. ബാഗ് പരിശോധനക്കും ദേഹപരിശോധനക്കും ശേഷം ബോംബ് ഭീഷണി മുഴക്കിയെന്ന കാരണം ചൂണ്ടിക്കാട്ടി യാത്രയും വിലക്കി. ഇരുവരെയും പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറി. യാത്ര മുടങ്ങിയതോടെ ദമ്പതികൾ വീട്ടിലേക്ക് മടങ്ങി.